തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് ലൈഫ് പദ്ധതി പ്രകാരം ഏറ്റെടുത്ത സ്ഥലത്ത് റോട്ടറി ക്ലബ് വീടുകൾ നിർമിച്ചു നൽകിയപ്പോൾ 12 നിർധന കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സഫലമായി.പഞ്ചായത്ത് ഏറ്റെടുത്ത 36 സെന്റ് സ്ഥലത്ത് കൊയ്ലോൺ വെസ്റ്റ് എൻഡ് റോട്ടറി ക്ലബാണ് വീട് നിർമിച്ചു നൽകിയത്.വീടുകൾ ഇന്നലെ ഗുണഭോക്താക്കൾക്കു കൈമാറി.
റോട്ടറി ക്ലബ് ഓഫ് കൊയ്ലോൺ വെസ്റ്റ് എൻഡ് അംഗം ഡോ. ജി.എ. ജോർജ് പരേതയായ ഭാര്യ രമണി ജോർജിന്റെ സ്മരണാർഥമാണ് 12 വീടുകൾ നിർമിച്ചുനൽകിയത്. റോട്ടറി ഇന്റർനാഷണൽ വൈസ് പ്രസിഡന്റും റോട്ടറി ഇന്റർനാഷണൽ ഡയറക്ടറുമായ എം. മുരുകാനന്ദം താക്കോൽദാനം നിർവഹിച്ചു.
2019-20 സാമ്പത്തികവർഷത്തിൽ ലൈഫ് പദ്ധതിപ്രകാരമാണ് ഒരു കുടുംബത്തിന് മൂന്നു സെന്റ് ഭൂമിവീതം നൽകാൻ പഞ്ചായത്ത് 36 സെന്റ് ഭൂമി പാമ്പുരുളേൽ മലയിൽ ഏറ്റെടുത്തത്. അഞ്ചു വർഷമായി വീടിനുവേണ്ടി കാത്തിരിക്കുന്ന ഗുണഭോക്താക്കളെക്കുറിച്ച് ദീപിക വാർത്ത നൽകിയിരുന്നു. ഭൂമി നിരപ്പാക്കലും മഹാമാരിയുമെല്ലാം വീടിന്റെ നിർമാണപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയെന്ന് റോട്ടറി ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ റോട്ടറി ഭാരവാഹികളായ ഡോ. ടിന ആന്റണി, കൃഷ്ണൻ ജി. നായർ, മീര ജോൺ, കെ.പി. രാമചന്ദ്രൻ നായർ, ഡോ. ജി.എ. ജോർജ്, ജോൺ ഡാനിയേൽ, സി. ലൂക്ക് എന്നിവർ പ്രസംഗിച്ചു. മുൻപഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനനെ ചടങ്ങിൽ ആദരിച്ചു. ഓരോ കുടുംബത്തിനും അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങൾ, സ്റ്റൗ, പ്രഷർ കുക്കർ എന്നിവ ഉൾപ്പെടുന്ന ഓരോ കിറ്റും റോട്ടറി കൈമാറി.